2010 മാർച്ച് 13, ശനിയാഴ്‌ച

വിസ്മയങ്ങളുടെ കടല്‍ പാലം



വിസ്മയങ്ങളുടെ കടല്‍ പാലം



സൗദി അറേബ്യയും ബഹരിനെയും പരസ്പരം ബന്ധിപ്പിക്കുന്ന കിംഗ്‌ ഫഹദ് കോസ് വേ യിലൂടെ യുള്ള യാത്ര വിസ്മയകരമായ ഒരനുഭവമാണ്, ഗള്‍ഫ്‌ ഉള്‍ക്കടലിന്റെ മുകളിലൂടെ ഇരുപതിഎട്ടു കിലോമീറെര്‍ നീണ്ടു കിടക്കുന്ന ഈ കടല്‍ പാലത്തിന്റെ മധ്യത്തില്‍ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി പങ്കിടുന്ന മനുഷ്യ നിര്‍മ്മിടമായൊരു വിശാലമായ ദ്വീപുമുണ്ട് , മനോഹരമായ ഉദ്യാനങ്ങളും കെട്ടിടങ്ങളും അടങ്ങുന്ന ഒരു ചെറിയ സിറ്റി യാണ് ഈ ദ്വീപ്‌ , aആയിരത്തി തൊള്ളായിരത്തി അറുപത്തി എട്ടില്‍ നിര്‍മാണം തുടങ്ങിയ ഈ കോസ് വെ ആയിരത്തി തൊള്ളായിരത്തി എന്പതിആര്‍ നവംബര്‍ ഇരുപത്തി ആറിനാണ് ഉത്ഘാടനം ചെയ്യപ്പെട്ടത് ,
രു രാജ്യങ്ങളിലുമുള്ള സ്വദേശികളും വിദേശി കളുമായ ലക്ഷക്കണക്കിന്‌ സാധാരണക്കാര്‍ ക്കാന് ദിവസേന ഈ പാലം ഉപകാരപ്രടമാകുന്നത് , ലോകത്ത് മനുഷ്യനെ വിസ്മയിപ്പിക്കുന്ന പല നിര്‍മ്മിതികള്‍ ഉണ്ടെങ്കിലും സാധാരണ ജനങ്ങളുടെ സഞ്ചാരത്തിനു ഇത്രമേല്‍ ഉപകരിക്കുന്നവ വിരളമാണ് ,
ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും , നാട്ടിലേക്കുള്ള വെകേഷന്‍ യാത്രകളിലും പലപ്പോഴും കോസ് വെ യിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ഏറ്റവും അവസാനത്തെ കോസ് വെ യാത്ര ഒരിക്കലും മറക്കനാത്ത അനുഭൂതിയാണ് എനിക്ക് സമ്മാനിച്ചത് ,
സൗദി അറേബ്യ യില്‍ ഏറെക്കാലം ഞാന്‍ ജീവിച്ച എന്റെ പ്രിയപ്പെട്ട തട്ടകമായ ദമ്മാം സിറ്റി യില്‍ നിന്നും ട്രാന്‍സ്ഫര്‍ കിട്ടി മറു ഭൂമിയിലെ പച്ചപ്പുതപ്പനിഞ്ഞ കൊച്ചു നഗരമായ 'വാദി ദാവസിര്‍ ' ലേക്ക് യാത്രയാകുന്നതിനു മുമ്പ് എന്റെ പ്രിയപ്പെട്ട കൂട്ടുകാരോടൊത്ത് അല്‍പ സമയം ദ്വീപ്‌ സിറ്റി യില്‍ ചെലവഴിക്കാനാണ് വീണ്ടും ഞാനീ കടല്‍ പാലത്തില്‍ കയറിയത് , നാളെ മുതല്‍ ഈ കൂട്ടുകാരുടെ സാമീപ്യം എനിക്ക് നഷ്ടമാകുമല്ലോ എന്ന തോന്നല്‍ എന്റെ ഉന്മേഷം കെടുത്തുന്നു വെങ്കിലും അത് പുറത്തു കാണിക്കാതെ അവരോടൊപ്പം ഞാനും ആഘോഷത്തില്‍ പങ്കു ചേര്‍ന്ന്
അസ്തമയ സൂര്യന്‍ ഗള്‍ഫ്‌ ഉള്‍ക്കടലിനെ സ്വര്‍ണവസ്ത്ര മണിയിച്ച ഈ സായാഹ്നത്തില്‍ പങ്കജ് ഉധാസ് സാബിന്റെ മധുര സംഗീതത്തിന്റെ മാസ്മരികത ഹൃദയ തന്ദ്രികളെ തൊട്ടുണര്‍ത്തുന്ന ആയിരം തവണ കേട്ടെങ്കിലും മതിവരാത്ത ' മഹെ കഹാ ജാവോ .. ഹോതാ നഹീം ഫെസിലാ .. .... ഇക തരഫ് ഉസകാ ഘര്‍ .........' എന്ന ഗസലിന്റെ വരികള്‍ എന്നെ പതുക്കെ തഴുകുന്നു, എന്റെ പ്രിയപ്പെട്ടവളുടെ കുപ്പിവളകള്‍ കിലുങ്ങുന്ന കരസ്പര്‍ശം പോലെ അതെന്നില്‍ കുളിര് പകരുന്നു ....

കടലിന്റെ മധ്യ ത്തില്‍ വീശിയടിക്കുന്ന കടല്‍ ക്കാറ്റ് കാറിന്റെ ഗ്ലാസ് താഴ്ത്തി വെച്ചുകൊണ്ട് ഞാനാസ്വടിച്ചു ,
.. മനോഹരമായ പുല്‍മേടുകളും, കടല്‍ തീരവും , ടവര്‍ റേസ്റ്റൊരെന്റ്റ് ലെ രുചികരമായ ചൈനീസ് ഫുഡും വീണ്ടും എനിക്ക് ഹൃദയ ഹാരിയായ അനുഭവമാകുന്നു ,
അകലെ ആകാശം കടലുമായി അതിര് പങ്കിടുന്നിടത്ത് അസ്തമയ സൂര്യന്‍ ഊതി ക്കാച്ച്ചിയ സ്വര്‍ണ ഗോളം പോലെ തിളങ്ങുന്നു , വര്‍ണ്ണ വിസ്മയങ്ങളുടെ ചായക്കൂട്ടുകള്‍ വിഹായസ്സില്‍ ഒരു മനോഹര ചിത്രം തീര്‍ത്തിരിക്കുന്നു, ഈ സായാഹ്നം ഇവിടെ അവസാനിക്കാന്‍ പോകുകയാണ് ,
കൈയെത്തും ദൂരതുണ്ടായിരുന്ന ഈ കാഴ്ച്ചയുടെ വസന്തോത്സവവും ആയിരത്തിലധികം കിലോമീറെര്‍ അകലേക്ക് മറയുകയാണ് .., നാളെയുടെ പകല്‍ അവസാനിക്കുന്നതിനു മുമ്പ് , പ്രവാസത്തിന്റെ ഗ്രഹാതുരതകള്‍ എനിക്ക് സമ്മാനിച്ച നയന മനോഹരമായ കോബാര്‍ നഗരത്തെയും , ദാമ്മാമിനെയും , അതിലേറെ എന്റെ ഈ സഹചാരികളെയും വിട്ടകന്നു ഞാന്‍ തീര്‍ത്തും അപരിചിതമായ ഒരിടത്ത എത്തിയിട്ടുണ്ടാവും ... ......

ഗുലാം അലി സാബിന്റെ ഗസലിന്റെ ഈണം പിന്നെയും എന്നെ പ്രിയപ്പെട്ടവളുടെ മൈലാഞ്ചി അണിഞ്ഞ കരവലയത്തില്‍ ഒതുക്കി .. ചുപ്കെ ചുപ്കെ രാത് ....ദിന്‍ ആന്സു ബഹാനാ... യാദ് ഹി.. ........




2010 മാർച്ച് 10, ബുധനാഴ്‌ച

സെന്‍ട്രല്‍ എ.യു പി സ്കൂള്‍ മുതല്‍ ടുണീഷ്യ വരെ


രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ടുണീഷ്യയിലെ മനോഹരമായ ഒരു കൊച്ചു നഗരത്തിലെ തണുത്ത ഒരു സായാഹ്നത്തില്‍ കുന്നിന്‍ ചെരുവിലെ ഒരു ഫ്ലാറ്റില്‍ ഇരുന്നു എന്റെ സഹചാരിയായ ലാപ് ടോപ്പിനോട് പറഞ്ഞു കൊടുത്തതാണ് ഈ കഥ


ലോകത്തിലെവിടെയായാലും എനിക്കേറ്റവും  പ്രിയപ്പെട്ട എന്റെ സ്വന്തം ഗ്രാമത്തിന്റെ ഹൃദയമിടിപ്പുകളുടെ മനോഹര മായ സംഗീതത്തിന് കാതോര്‍ക്കുന്ന ഞാന്‍ ഏറെ സ്നേഹിക്കുന്ന എന്റെ വിദ്യാലയത്തിന്റെ തനി പകര്‍പ്പ് ഇങ്ങകലെ മെഡിറ്ററേനിയന്‍ കടലിന്റെ തീരത്തുള്ള ഈ പട്ടണത്തിനു  പുറത്ത് കണ്ടെത്തിയിരിക്കുന്നു

കൗമാരത്തിന്റെ വര്‍ണ്ണ വിസ്മയങ്ങളിലേക്ക് എന്നെ തിരിച്ചു നടത്തിയ മനോഹരങ്ങളായ കാഴ്ചകളാണ് എനിക്ക് ഇന്നലെ ഈ നഗരം സമ്മാനിച്ചത് , 'കാട്ടുപറമ്പില്‍ സ്കൂള്‍' എന്ന് ഞങ്ങള്‍ നാട്ടുകാര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന സെന്‍ട്രല്‍ എ യു പി സ്കൂളിന്റെ രൂപവും ഭാവവും ചരിത്രവും വളരെ യാദൃശ്ചികമായി പകര്‍ത്തിയെടുത്ത ഒരു കലാലയമാണ് ഇന്നലെ ഞാന്‍ സന്ദര്‍ശിച്ചത് ,

പല നഗരങ്ങളിലും വിവിധ കലാലയങ്ങളില്‍പഠിച്ചിട്ടുണ്ടെങ്കിലും  കാട്ടുപ്പറമ്പിൽ  സ്കൂളിനോട് വല്ലാത്തൊരു ഹൃദയ ബന്ധമായിരുന്നു എനിക്ക് , വിദ്യയുടെ ആദ്യപാഠങ്ങള്‍ പറഞ്ഞു തന്ന പ്രഥമ വിദ്യാലയത്തോട്  ആര്‍ക്കും തോന്നാവുന്ന ആത്മ ബന്ധത്തിലുമപ്പുറ മായിരുന്നു അത് ,

പ്രവാസം സമ്മാനിച്ച പ്രയാസങ്ങളുടെ തലച്ചുമടുകള്‍ ഇറക്കി വെക്കാന്‍ ഓരോ തവണ നാട്ടില്‍ ചെല്ലുമ്പോഴും കുട്ടിക്കാലത്ത് നടന്നു തിമര്‍ത്ത ആ വഴികളിലൂടെ ഒരു കൊച്ചു കുട്ടിയായി ഞാന്‍ നടന്നു പോകാറുണ്ട്  , സ്കൂള്‍ ഗ്രൌണ്ടിലും മുറ്റത്തും ഏകാന്തനായി സ്വപ്നം കണ്ടു നില്‍ക്കുമ്പോള്‍അറേബ്യയുടെ നഗരക്കാഴ്ചകള്‍ കണ്ടു മനം മടുത്ത എനിക്ക് ഗൃഹാതുരമായ ഓര്‍മകളുടെ വര്‍ണ്ണ വസന്തങ്ങള്‍ അനുഭവിക്കാന്‍ കഴിയാറുണ്ട്

ഖദര്‍ ഷര്‍ട്ടിന്റെ കൈകള്‍ ഭംഗിയായി മടക്കി വെച്ച് മുണ്ടും മടക്കി കുത്തി നടന്നു വരുന്ന ആണ്ടിക്കുട്ടി മാഷും , സദാസമയവും മനോഹരമായ പുഞ്ചിരി ചുണ്ടില്‍ ഒതുക്കി വെളുത്ത മുണ്ടും ജുബ്ബയും ധരിച്ച ചന്ദ്രന്‍ മാഷും, മുഖത്ത് അല്‍പ്പം ഗൌരവം കൊണ്ട് നടന്നിരുന്ന രാജപ്പന്‍ മാഷും , മുടിയില്‍ വെളുത്ത പൂക്കള്‍ ചൂടിയിരുന്ന കണക്ക് ടീച്ചര്‍, മഞ്ഞ  പൂക്കളുള്ള സാരിയുടുത്ത ഗിരിജ ടീച്ചര്‍, പൈജാമയും കുര്‍ത്തയും ധരിച് കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ചു ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ആനന്ദന്‍ മാഷ്‌, ...... അങ്ങിനെ പലരും ഓര്‍മകളില്‍ അവര്‍ക്ക് മുന്നില്‍ ഞാന്‍ വീണ്ടും ആ പഴയ അഞ്ചാം ക്ലാസ് വിദ്യാര്ത്തിയാകുന്നു ,

സ്കൂള്‍ മുറ്റത്തെ വളർച്ച  മുരടിച്ച  ആല്‍മരച്ചുവട്ടില്‍ കളിക്കൂട്ടുകാര്‍ക്കൊപ്പം കലപില കൂട്ടിയ പോയകാല സ്മൃതികളുടെ കുളിര്‍ക്കാറ്റ് ഇന്നലെ ഈ കലാലയ മുറ്റത്തെ കുള്ളന്‍ ഒലീവ് മര ചുവട്ടില്‍ ഞാനനുഭവിച്ചു ,

ധാരാളം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിവിധ രാജ്യക്കാരായ എന്റെ സംഘത്തിലെ അംഗങ്ങള്‍ക്കും മദ്ധ്യ  ഞാന്‍ എകാന്തനായിപ്പോയി '

സത്യത്തില്‍ എന്റെ പിതാവില്‍ നിന്നും  കേട്ട കാട്ടുപറമ്പില്‍ സ്കൂളിന്റെ ചരിത്രത്തില്‍ നാരായണന്‍ മാഷ്‌ എന്ന മഹാനായ അധ്യാപകന്‍റെ  സാന്നിധ്യം പോലെ, ഒരു നൂറ്റാണ്ടു മുമ്പ് ജീവിച്ച അബ്ദുല്‍ ഹന്നന്‍ എന്ന ഒരു മഹാ മനീഷി യുടെ പരിശ്രമത്തിന്റെ കഥ ഈ കലാലയത്തിനുമുണ്ട് ,

പിന്നെയും എന്നെ അത്ഭുത പ്പെടുത്തിയത് കാട്ടുപറമ്പിലെ  കുട്ടികളായ ഞങ്ങള്‍ക്ക് നിഗൂഢതകൾ  നിറഞ്ഞ വിസ്മയമായിരുന്ന ചരിത്ര പശ്ചാത്തലമുള്ള നരിമട പോലെ ഇവിടെയും സ്കൂളിനു പിറകിലായി ടുണീഷ്യയുടെ പുരാതന ചരിത്ര ത്തിലേക്ക് വാതില്‍ തുറക്കുന്ന ഒരു ഗുഹാ മുഖമുണ്ട് എന്നതാണ് .


രണ്ടു വര്ഷം എന്റെ ലാപ്‌ ടോപ്പിന്റെ ഗർഭ ത്തിലിരുന്ന ഈ കുറിപ്പ് ഇപ്പോള്‍ ബ്ലോഗാന്‍ തോന്നിയതിന്റെ വികാര മെന്ത്‌?

(ഈയടുത്ത് ജോർദാ നിലെക്കുള്ള യാത്രയില്‍ സൌദി ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശമായ അൽ ഖൊറായാത്ത് ലെ ഒരു വര്‍ക്ക്‌ ഷോപ്പില്‍ കാട്ടുപരംബിലെ പഴയ ഒരു കുട്ടിയെ കാണാനിടയായി )





2010 ജനുവരി 31, ഞായറാഴ്‌ച

മടക്കയാത്ര



മടക്കയാത്ര


പുലര്‍ കാലത്തിന്‍റെ ആലസ്യം ഒരു തണുത്ത പുതപ്പുപോലെ ശരീരത്തിനു കുളിരുപകരുന്നുണ്ടായിരുന്നു,
നിദ്രയുടെ ബന്ധനത്തില്‍ നിന്നും തലച്ചോറിന്‍റെ അവസാനത്തെ കൊളുത്തും മോചിതമായപ്പോള്‍ മനസ്സില്‍ ഒരു തേങ്ങലായി ഞാന്‍ ഓര്‍ത്തു, എന്‍റെ  ഈ വെക്കേഷന്‍ ഇന്നത്തോടെ തീരുകയാണല്ലോ, പ്രയാസങ്ങളുടെ ഭാണ്ഡങ്ങളും പേറി മൂന്നു വര്‍ഷവും നാല് മാസവും മരുക്കടലില്‍ നീന്തി തളര്‍ന്നതിനു ശേഷം സാന്ത്വനത്തിന്‍റെ ഒരു കര കിട്ടിയത് കഴിഞ്ഞ അന്‍പത്തി ഏഴ് ദിവസങ്ങളിലായിരുന്നു ,
പുലരും മുമ്പെപ്പോഴോ പുതപ്പിനുള്ളില്‍ കയറിക്കൂടിയ മുത്തുമോന്‍റെ കുഞ്ഞിളം കൈകള്‍ എന്‍റെ കഴുത്തില്‍ ചു റ്റി ക്കിടക്കുന്നു
 "നാളെ രാവിലെ എനിക്ക് ഉപ്പചിയെ ഇങ്ങിനെ കേട്ടിപ്പുടിച്ച് കിടക്കാന്‍ പറ്റൂലല്ലോ " അവന്‍റെ വാക്കുകള്‍ മനസ്സില്‍ ഒരു നീറ്റലായി പടരുന്നു
"ഇനി ഉപ്പച്ചി വരുമ്പോഴേക്കും ഞാന്‍ മൂന്നാം ക്ലാസ്സില്‍ എത്തിയിട്ടുണ്ടാവും "
പ്രവാസിയായ പിതാവിന്‍റെ കലണ്ടറിലെ കണക്കുകള്‍ കൂട്ടാന്‍ നാലുവയസ്സുകാരന്‍ മകനുപോലും കഴിയുന്നു.
നെഞ്ചില്‍നിന്നും മുത്തുമോനെ പറിച്ചെടുത്ത് കിടക്കയില്‍ കിടത്തി ഞാന്‍ എഴുന്നേറ്റു,
തൊട്ടിലിലെക്ക് തിരിഞ്ഞ മിഴികളെ പിടിച്ചു നിര്‍ത്താനായില്ല, മോനു ഉറങ്ങുകയാണ് തള്ളവിരല്‍ മടക്കി ചുണ്ടില്‍ ചേര്‍ത്ത് പിടിച്ചു കൊണ്ടുള്ള അവന്‍റെ കിടപ്പ് ഒത്തിരി നേരം നോക്കിനിന്നുപോയി,
കണ്ണീര്‍ തുള്ളികള്‍ വീണു അവന്‍റെ ഉറക്കത്തിനു ഭംഗം വരാതിരിക്കാന്‍ ഏറെ പാടുപെട്ടു.
മഴക്കോളുള്ള ആകാശത്തുനിന്നും മടിച്ചാണെങ്കിലും സുര്യന്‍ ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു, രാത്രി പെയ്ത പുതുമഴയുടെ കുളിര്‍മ മണ്ണിനെ ആര്‍ദ്രമാക്കിയിരിക്കുന്നു,  ഇനിയുള്ള ദിവസങ്ങളില്‍ തിമര്‍ത്തു മഴ പെയ്യുമായിരിക്കും, പുഞ്ചപ്പാടം നിറഞ്ഞു കവിയുമ്പോള്‍ കൂട്ടുകാരൊത്ത് വാഴത്തോണി യിറക്കിയിരുന്ന ബാല്യകാലം നഷ്ടജീവിതത്തിന്‍റെ പുസ്തകത്താളുകളില്‍ മങ്ങിത്തുടങ്ങിയ ചിത്രം പോലെ ഇന്നും ഞാന്‍ സൂക്ഷിക്കുന്നു ,  ഇനിഎത്ര കൊല്ലങ്ങള്‍ക്കുശേഷമാണ് ഈ മണ്ണിന്റെ സുഗന്ധം ആസ്വദിക്കാനാവുക
സ്നേഹത്തിന്‍റെ പശയിലൊട്ടിച്ച കത്തുകളും സാന്ത്വനത്തിന്‍റെ പൊതി കെട്ടുകളുമായി സുഹൃത്തുക്കളുടെ കുടുംബാംഗങ്ങള്‍ എത്തിത്തുടങ്ങി, അനിയന്മാര്‍ പൊതി കള്‍ വാങ്ങി പേരെഴുതി പെട്ടിയിലടുക്കുന്നു ,
അവളെ കണ്‍ വെട്ടത്തൊന്നും കാണാനില്ല, ആര്‍ക്കും മുഖം കൊടുക്കാതെ കണ്ണീര്‍ വാര്‍ക്കുകയാവും,
ഇന്നലെ രാവേറെ ചെന്നിട്ടും ഉറങ്ങാന്‍ കഴിയാത സങ്കടം കരഞ്ഞു തീര്‍ക്കുകയായിരുന്നല്ലോ,
വിരഹത്തിന്റെ വേദന ഏറെ അനുഭവിച്ച പെണ്ണാണ്  അവള്‍
അവളുടെ പിതാവിന്‍റെ കൈപിടിച്ച് ഉറ്റവരെയും ഉടയവരെയും സാക്ഷി നിര്‍ത്തി "സ്വീകരിച്ചു, പൊരുത്തപ്പെട്ടു എന്ന്ച്ചരിച്ചു അവളെ ഹൃദയത്തോട് ചേര്‍ത്തിട്ട്അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു, പിന്നീട് തൊണ്ണൂറ്റിനാലു ദിനങ്ങളിലൊഴികെ ഞാന്‍ അവള്‍ക്ക് നല്‍കിയത് വിരഹത്തിന്‍റെ വേദനകളാണ് , ഇന്നിതാ വീണ്ടും കണ്ണീരുപടര്‍ന്ന കവിള്‍ തടങ്ങള്‍ നീല തട്ടത്തില്‍ ഒളിപ്പിച്ച് വേര്‍പാടിന്‍റെ തടങ്കല്‍ പാളയത്തിലേക്ക് അവള്‍ .......
എയര്പോര്‍ട്ടിലെത്തേണ്ട സമയമായിതുടങ്ങി വീട്ടുകാരുടെ മൌനത്തിന്‍റെ പുറന്തോട് പൊട്ടിച്ചുകൊണ്ട് മോനു കലപില കൂട്ടുന്നു , എയര്‍പോര്‍ട്ടില്‍ പോകാന്‍ ഉടുപ്പുകള്‍ ധരിപ്പിക്കാന്‍ വാശി പിടിക്കുകയാണവന്‍ ,
ഉമ്മയുടെ വിങ്ങുന്ന മനസ്സിന്‍റെ തേങ്ങല്‍പുറത്തേക്ക് കേട്ട് തുടങ്ങിയിരിക്കുന്നു, ചാരുകസേരയില്‍ നരച്ചുതുടങ്ങിയ താടിയും തടവി ഉപ്പയുടെ ഇരിപ്പ് കണ്ടു വിതുമ്പലടക്കനായില്ല, നാളെമുതല്‍ ഞാന്‍ ഭക്ഷണം വിലകൊടുത്തു കൊണ്ട് തിന്നേണ്ടി വരുമോ എന്ന നിഷ്കളങ്കമായ ചോദ്യം കൊണ്ട് വല്ല്യുമ്മ എന്‍റെ കരളില്‍ സ്നേഹത്തിന്‍റെ കൊളുത്തിട്ടു വലിക്കുന്നു ,
സമയം അവസാനിക്കുകയാണ് , ഇനിയും ഒരാളോട് യാത്ര ചോദിക്കാനുണ്ട് ഞാന്‍ റോഡിലിറങ്ങി തെക്കോട്ട് നടന്നു മുത്തുമോന്‍ വിടാതെ എന്‍റെ നിഴല്‍ പറ്റി പിന്തുടരുന്നു , ജുമാ മസ്ജിദിന്റെ കമ്പി വേലി കടന്നു പള്ളിയുടെ ഓരം ചേര്‍ന്നു വല്യുപ്പയുടെ അടുക്കലേക്ക് നടന്നടുത്തു സലാം ചൊല്ലി ഫാത്തിഹ ഓതി ദുആ ചെയ്തു യാത്രപറഞ്ഞു, അതുവരെ ശകാരിച്ചു നിര്‍ത്തിയ കണ്ണീര് അണപൊട്ടി ഒഴുകി ,
മനസ്സില്‍ ഉരുണ്ടുകൂടിയ കാര്‍മേഘം ഒരു പേമാരി പോലെ കണ്ണീരായ് പെയ്തൊഴിഞ്ഞു,
ഈ വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലെ മീസാന്‍ കല്ലുകള്‍ പോലെ, ഞാന്‍ ജീവിച്ചതിന്‍റെ ശേഷിപ്പുകളെങ്കിലും ഈ മണ്ണില്‍ അടയാളപ്പെടുമോ ?