2018 മാർച്ച് 25, ഞായറാഴ്‌ച


 

മരുഭൂമിയുടെ ആകാശം

 

തണുപ്പിന്‍റെ കട്ടിപ്പുതപ്പിനു താഴെയൊരു സുഖകരമായ ഉച്ചമയക്കത്തിന്‍റെ ആലസ്യത്തില്‍നിന്ന് ഉണര്‍ന്നു തുടങ്ങുമ്പോളാണ് മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തത്,

"ആപ് കൈസേഹെ ഭായ്‌?.. 

അഭി ഫ്രീഹേതോഇഥർതക് ആസക്തെഹെ ......" 

(താങ്കള്‍ക്ക് സുഖമാണോ സഹോദരാ, ഇപ്പോള്‍ ഒഴിവുണ്ടെങ്കില്‍ ഇതുവരെ ഒന്നു വരാന്‍ സാധിക്കുമോ ?)

സുഹൃത്ത് സർഫറാസ്ഭായിയുടെ ശബ്ദം കേട്ടപ്പോള്‍ തന്നെ മറ്റെന്തെങ്കിലും ഓർക്കുന്നതിനുമുമ്പേ വായിൽവെള്ളമൂറി,

പാകിസ്ഥാനി മട്ടൻകടായിയുടെയും തന്തൂരിറൊട്ടിയുടെയും രുചിക്കൂട്ടുകൾ എനിക്കത്രമേൽ പ്രിയപ്പെട്ടവയായിരുന്നു,

സൗദിഅറേബ്യയുടെ കിഴക്കൻപ്രവിശ്യയിലെ ചെറുപട്ടണമായ 'നഅരിയ'യിൽ ജോലിചെയ്യുന്ന കാലത്ത് എനിക്ക് സൗഹൃദംപകുത്തു നല്‍കിയ അപൂർവ്വം ചിലരില്‍ ഒരാളായിരുന്നു പാകിസ്താന്‍ കാരനായ സർഫറാസ്ഭായി,.

അല്ലാമാഇക്‌ബാലിന്‍റെ കവിതകളെയും, പങ്കജ്ഉദാസ്, ഗുലാംഅലി, ജഗത്സിംഗ് തുടങ്ങിയവരുടെ ഗസലുകളെയും പ്രണയിച്ച സഹൃദയന്‍,

കൂട്ടുകാർക്ക് കൊടുക്കാന്‍ ഏറ്റവുംനല്ല സമ്മാനം രുചികരമായ ഭക്ഷണമാണെന്ന് വിശ്വസിക്കുന്ന പാചകക്കാരന്‍

സമൃദ്ധമായ തലമുടിയെയും, രണ്ടുപൂച്ചക്കുഞ്ഞുളെയും താലോലിച്ചു വളർത്തുന്ന വിനയാന്വിതന്‍

ഇന്ത്യയും പാകിസ്ഥാനും കാലാകാലവും ശത്രുക്കളായി നിലനിൽക്കണമെന്ന അന്താരാഷ്ട്ര പൊളിറ്റിക്കല്‍ സമവാക്യങ്ങൾ മുഖവിലക്കെടുക്കാതെ ഞങ്ങളുടെ സൗഹൃദം മനോഹങ്ങളായ ഗസലുകളായി, ഇരുനദികള്‍ ഒന്നായപോലെ ഒഴുകുന്ന കാലം.

സർഫറാസ്ഭായിയുടെ വിഖ്യാതമായ വലിയ ഫ്രൈപാന്‍ നിറയെ കൊത്തിയരിഞ്ഞ മല്ലിയില വിതറിയ 'മട്ടന്‍കടായി' ചൂടുപരത്തുന്നതും കിനാവ്കണ്ടു വീശിയടിക്കുന്ന ശീതക്കാറ്റു വകവെക്കാതെ മങ്കിക്യാപ്പുംകൊട്ടും ധരിച്ചു മൂപ്പരുടെ റൂമിനെ ലക്‌ഷ്യംവെച്ചു ഞാന്‍ നടന്നുതുടങ്ങി,

പത്തിരുപതു മിനുറ്റ് മണല്‍പാതയിലൂടെ നടന്നുവേണം ഈന്തപ്പനമരങ്ങൾക്കിടയിൽ ചെറിയ ഒരു മജ്‌ലിസി(1)നോട്ചേർന്നുനില്‍ക്കുന്ന, മനോഹരമായി വിതാനിച്ച ആ കുടിലിലെത്താന്‍,

നരച്ച ആകാശസീമയില്‍ സൂര്യന്‍ അസ്തമിക്കാന്‍തയ്യാറായി നിൽക്കുന്നതുകാണാം,

പാതവക്കില്‍ രണ്ടുമൂന്നു ഡാറ്റ്സന്‍ പിക് അപ് വണ്ടികള്‍ പാർക്കുചെയ്തിരിക്കുന്നു, അകലങ്ങളില്‍ ചെറിയൊരു ഒട്ടകക്കൂട്ടം മേഞ്ഞുനടക്കുന്നു, കണ്ണെത്താ ദൂരത്തോളം പറന്നു കിടക്കുന്ന മണലാരണ്യത്തില്‍ കാവല്‍ക്കാരെപ്പോലെ നിരനിരയായി ജാഗ്രതയോടെ നില്‍ക്കുന്ന ഈന്തപ്പനകള്‍ക്കിടയിലൂടെ നടന്നു ഞാന്‍ റൂമിലെത്തി,

പരസ്പരം സലാംചൊല്ലി ഹസ്തദാനംനടത്തുന്നതിനിടയില്‍ പൂച്ചക്കുഞ്ഞുങ്ങളിലൊരുവന്‍ തിന്നാന്‍ആർത്തിമൂത്ത് ഓടിവന്ന എന്നെ ചെറിയൊരുപരിഹാസത്തോടെ മുഖംകോട്ടി കൊഞ്ഞനംകുത്തിനിൽക്കുന്നതു കണ്ടു.

പതിവുപോലെ നാട്ടിലെകുഞ്ഞുകുട്ടിപരാധീനങ്ങളില്‍ സംഭാഷണം തുടങ്ങവേ അന്തര്‍ആയീയെ.. ഭായീസാബ്.. എന്നുപറഞ്ഞുകൊണ്ട് സർഫറാസ് എന്നെസ്നേഹപൂര്‍വ്വം അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി 

സി ഡി പ്ലെയറില്‍നിന്നും പങ്കജ് ഉധാസ് സാബിന്റെ് 'ചാഹത് ദേശ്സെ ആനെ വാലെ.... എന്ന മനോഹര മായ ഗസല്‍, ചാറ്റൽമഴ പോലെ മുറിയില്‍ കുളിരുപരത്തുന്നു,

https://youtu.be/tCbtNYIr4Jw 

പുറത്തു വീശിയടിക്കുന്നശീതക്കാറ്റും, അകത്ത്ഗസല്‍മഴയും, എന്‍റെ മനസ്സില്‍ കുളിർമഞ്ഞുപെയ്തുതുടങ്ങി

കണ്ണുകള്‍ ആവിപറക്കുന്ന ഫ്രൈപാന്‍പരതുന്നതിനിടയിലാണ് വേറെ ഒരാൾകൂടികട്ടിലില്‍മൂടിപ്പുതച്ചുകിടക്കുന്നത്കണ്ടത്,

സർഫറാസുംപൂച്ചക്കുഞ്ഞുങ്ങളുംഒഴികെമറ്റൊരാൾതാമസക്കാരായി ഇല്ലാത്തഇവിടെഇതാരാണ്പുതിയഅവതാരമെന്നഭാവത്തിൽപതിഞ്ഞസ്വരത്തിൽഞാൻ ചോദിച്ചു

"വോ കോൻഹെ ഭായ്?"... .

(അതാരാണ് സഹോദരാ)

"യെഹമാരാനയീദോസ്ത്ഹേ,

ഉൻകെബാരേബോൽനെകേലിയെമേനേആപ് കോബുലായാ" ...

ദോതീൻഹഫ്‌തേഹോഗയാ.. വോമേരാസാഥ്ഹേ.. വോ തുമാരാ കേരളാ വാലാഹേ. (അത് നമ്മുടെ ഒരു പുതിയ കൂട്ടുകാരനാണ് , നിന്‍റെ കേരളക്കാരനായ അവനെക്കുറിച്ചു പറയാനാണ് നിന്നെ ഞാന്‍ വിളിച്ചത്) എന്‍റെമറുപടിക്ക്കാത്തുനില്‍ക്കാതെ സർഫറാസ്എഴുന്നേറ്റു അടുക്കളയിലേക്കുനടന്നു, കൂടെഅകമ്പടിയായി പൂച്ചക്കുട്ടികളും ..

ഈതോട്ടത്തിൽ വന്നതിനുശേഷം ഇന്നുവരെ സ്വന്തക്കാരെപ്പോലുംകൂടെ താമസിപ്പിക്കാത്ത ഇവനെങ്ങിനെ ഒരു കേരളാവാലയെകൂടെ താമസിപ്പിക്കുന്നു? ഞാൻഅത്ഭുതപ്പെട്ടിരിക്കവേപുതപ്പിനുള്ളിൽനിന്നും മുരൾച്ചകേട്ടു അയാള്‍ പതുക്കെഎഴുന്നേറ്റു കട്ടിലിൽചാരിയിരുന്നു, മുഖം മുക്കാലുംമൂടിയിരുന്ന മങ്കിക്യാപ്ഉയർത്തി എന്നെനോക്കി

"നാട്ടിലെവിടെയാ"? പതിവു മലയാളീശൈലിയിൽ ഞാൻസംസാരം തുടങ്ങി.. 

ജില്ലയിൽതുടങ്ങി സിറ്റി, പഞ്ചായത്ത്, വാർഡ്, റോഡ് എല്ലാം പറഞ്ഞപ്പോൾ മുമ്പ്പഠിക്കാൻ നാടുവിട്ടകാലത്ത് സഹപാഠിയായി കൂടെയുണ്ടായിരുന്ന ഒരാളുടെപേരുപറഞ്ഞപ്പോൾ അറിയാമെന്ന അർത്ഥത്തിൽ തലകുലുക്കി

കൂടുതൽസംസാരിക്കാൻതാല്പര്യപ്പെടാതെ വീണ്ടുംപുതപ്പിനുള്ളിലേക്കു വലിയാൻശ്രമംനടത്തവേ സർഫറാസ് ഒരുകൈയ്യില്‍ സുലൈമാനിയും മറ്റേ കൈയ്യില്‍ വിശേഷപ്പെട്ട ഈന്തപ്പഴം നിറച്ച പാത്രവുമായി വന്നു, സുഗന്ധമുള്ള  ഇറാനിയൻതേയിലയിൽ കുങ്കുമപ്പൂവ്ചേർത്ത്കാച്ചിയ ചായ ദല്ലയി(2)ൽ നിന്ന്കപ്പിലേക്കുപകർന്നുകൊണ്ട് സർഫറാസ്എന്നെ വിളിച്ചുവരുത്തിയത് എന്തിനാണെന്ന്പറഞ്ഞുതുടങ്ങി,

'നഅരിയ' യിലെ ആശുപത്രിയിലെ ക്ളീനിംഗ്ജോലിചെയ്യുന്ന സർഫറാസിന്‍റെ അയൽവാസിയാണ് മധു എന്ന്പേരുള്ള ഈ കേരളാവാലയെ ചിക്കൻ പോക്സ്പിടിപെട്ടു അവശനായനിലയിൽറൂമിൽകൊണ്ടുവന്നുവിട്ടത്, തട്ടിമുട്ടി ചില ഹിന്ദിവാക്കുകൾ പറയുമെന്നത്ഒഴിച്ചാൽ മലയാളമല്ലാതെ മറ്റുഭാഷകൾഒന്നുംഅറിയില്ല, നല്ലവിശ്രമവും, ഭക്ഷണവും, പരിചരണവും ലഭിച്ചതിനാൽ രോഗം ഭേതപ്പെട്ടിട്ടുണ്ട്, പക്ഷെ കൂടുതൽഒന്നും സംസാരിക്കുന്നില്ല, നാട്ടിലേക്ക് ഫോൺവിളിപോലുംകാണുന്നില്ല, എന്തെങ്കിലും മാനസികപ്രയാസംഉണ്ടോ

ജോലിനഷ്ടപ്പെട്ടിരിക്കുന്നോ? തുടങ്ങികേരളാഭായിയോട്മനസ്സ്തുറന്നു സംസാരിച്ചു റിഫ്രഷ്ആക്കിയെടുക്കാനാണ് അവനെന്നെ വിളിച്ചു വരുത്തിയത്

സർഫറാസ് എഴുനേറ്റു ലൈറ്റ്തെളിയിച്ചുകൊണ്ട് 

സ്നേഹത്തോടെ വിളിച്ചു, "മധുഭായ് ഉഠോ ..." 

പുലർകാലത്ത്സ്‌കൂളിൽ പോകാൻ എഴുന്നേൽക്കുന്ന അനുസരണയുള്ള കുട്ടിയെപ്പോലെ അയാള്‍ എഴുന്നേറ്റു, പുതപ്പിനുള്ളിൽനിന്നും പുറത്തുവന്നു ബാത്ത്റൂമിലേക്ക് നടന്നു

''അവൻ ഉറങ്ങിയിരിക്കാൻഇടയില്ല, ഉറക്കംതീരെകുറവാണ്, വെറുതെ മൂടിപ്പുതച്ചുകിടക്കുന്നതാ"... 

സർഫറാസ് സോഫയിൽപിന്നിലേക്ക്അമർന്നിരുന്നു എന്നോട്പറഞ്ഞു,

റിമോട്ടിൽ അമർത്തി സംഗീതംഅല്പംഉച്ചത്തിലാക്കി ഞാൻ ചൂടുചായ ആസ്വദിച്ചു കുടിക്കുന്നതുംനോക്കിയിരുന്നു,

കപ്പുകാലിയായപ്പോൾവീണ്ടും ദല്ല എടുത്തു, ഞാൻ സ്നേഹപൂർവ്വം നിരസിച്ചു,

അതിനിടയിൽ മധുഭായി ബാത്ത്‌റൂമില്‍നിന്നും പുറത്തുവന്നു മുഖംതുടച്ചു കൊണ്ട് എന്നെനോക്കി പുഞ്ചിരിച്ചു, പത്തിരുപത്തഞ്ചുവയസ്സ്തോന്നുന്ന ഒരുയുവാവ്, ലുങ്കിയും ഒരു ചുവന്ന കള്ളിക്കുപ്പായവുമാണ് വേഷം, അവൻ അടുത്തുണ്ടായിരുന്ന കസേരയിൽഇരുന്നു

സർഫറാസ് ഒരുകപ്പിൽ ചൂടുചായയൊഴിച്ചു അവനുനൽകി 

ഞങ്ങൾ മൂന്നുമനുഷ്യർ മുറിയിൽസജീവമായപ്പോൾ പൂച്ചക്കുട്ടികൾ മേശക്കടിയിൽ പോയിചുരുണ്ടുകിടന്നു,

"നിങ്ങൾസംസാരിക്കൂ.. ഞാൻപോയികഴിക്കാൻഎന്തെങ്കിലും തയ്യാറാക്കാം".. സർഫറാസ്അപ്പോൾഞാൻകേൾക്കാൻആഗ്രഹിച്ചത് തന്നെ പറഞ്ഞു, തന്‍റെ സമൃദ്ധമായ തലമുടി വിരലുകൾകൊണ്ട് കോതിയൊതുക്കിക്കൊണ്ട് അകത്തേക്ക്നടന്നു...

വിശേഷപ്പെട്ട ചായയുടെരുചിയെപ്പറ്റിപറഞ്ഞുകൊണ്ട് ഞാൻ സർഫറാസ് ഏൽപ്പിച്ച ദൗത്യത്തിലേക്കുകടന്നു

"അറബിനാട്ടിലെ ശൈഖുമാർകുടിക്കുന്നചായയാണിത്"

"ഇതില്‍ ചേര്‍ത്തിരിക്കുന്ന കുങ്കുമപ്പൂവ് വളരെവിലയേറിയവസ്തുവാണ്",

ഈന്തപ്പഴം ഇവിടെ തന്നെകൃഷി ചെയ്യപ്പെട്ട മുന്തിയ ഇനമാണ് ഞാൻ വാചാലനാവുന്നുവെങ്കിലും മധു മൂളുകമാത്രംചെയ്യുന്നു,

അല്പനേരത്തെ മൗനത്തിനു ശേഷം അവൻസംസാരംതുടങ്ങി, "ദമ്മാമിലേക്കു ഇവിടെ നിന്ന് എത്ര ദൂരമുണ്ട്?"
"ഏകദേശം മുന്നൂറോളംകിലോമീറ്ററുകള്‍ കാണും" 

ഞാൻ മറുപടിപറഞ്ഞുഅവന്‍റെ മനസ്സിലേക്ക്കയറി, പിന്നീട്അവൻ പറഞ്ഞുതുടങ്ങി, ദമ്മാമിൽനിന്നും ഒരു കൺസ്ട്രക്ഷൻകമ്പനിയുടെ വർക്കുമായിബന്ധപ്പെട്ടാണ് അവന്‍ ഇവിടെഎത്തിയത്, നാട്ടിൽനിന്നും വന്നിട്ട് ആറുമാസത്തിലധികമായി, നാട്ടുകാരനും അകന്ന ബന്ധുവുമായ വ്യക്തിയാണ് വിസനൽകിയത് ഇവിടെ മരുഭൂമിയിലെ താല്‍ക്കാലിക പോര്‍ട്ടബിള്‍ ഹൌസില്‍ താമസിച്ചുജോലിചെയ്യവേ അസുഖംബാധിച്ചപ്പോൾ അയാളുടെ കൂട്ടുകാരനാണ് ആശുപതിയിൽ എത്തിച്ചത്, പിന്നീട്അയാളെ കണ്ടിട്ടില്ല , മൊബൈലിൽ വിളിച്ചിട്ടുസ്വിച്ച്ഓഫ് മെസ്സേജ്ആണ്കേൾക്കുന്നത്

മധു പ്രയാസങ്ങളുടെ ഭാണ്ഡക്കെട്ടുകൾ എനിക്കുമുമ്പിൽ തുറന്നുകൊണ്ടിരുന്നു,

പ്രതിസന്ധികൾ പ്രവാസിയുടെജീവതത്തിൽ മുള്ളുവേലികൾ പോലെ മുന്നിലുണ്ടാവുമെന്നും അതുകണ്ടുപകച്ചുനിൽക്കാതെ തട്ടിമാറ്റി മുന്നേറുകയാണ് വേണ്ടതെന്നും  അവനെബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു
സർഫറാസിന്‍റെ അടുക്കളയിൽ തട്ടുമുട്ടുകൾ കേൾക്കുന്നു,
ആട്ടിറച്ചി വെന്തുതുടങ്ങുന്ന ഗന്ധം റൂമിലേക്ക് പടര്‍ന്നു തുടങ്ങുന്നുണ്ട്,

"നിങ്ങൾ ഈപാകിസ്ഥാനിയുമായി ഏറെനാളത്തെ അടുപ്പമുണ്ടോ"

മധു ചോദിച്ചു, സത്യത്തിൽ ആറേഴുമാസംമുമ്പാണ് ഞാൻ സർഫറാസുമായി സൗഹൃദംതുടങ്ങിയതെന്നസത്യം ഞാൻ മറച്ചുവെച്ചു അതെഎന്നഅർത്ഥത്തിൽമൂളുക മാത്രം ചെയ്തു

നിങ്ങൾക്കറിയാമോ? വളരെ ഭയപ്പെട്ടായിരുന്നുആദ്യം ഞാൻഇവിടെ കഴിഞ്ഞിരുന്നത്, അവൻ സംസാരംതുടങ്ങി, പതുക്കെപ്പതുക്കെ വാചാലനായി.

രാത്രി വൈകുന്നതുവരെ എന്‍റെകൂട്ടുകാരനെ പ്രതീക്ഷിച്ചു ആശുപത്രി പരിസരത്ത് ചുറ്റിത്തിരിഞ്ഞ എന്നെ ഇവിടെഎത്തിച്ചത് തടിയനായ മറ്റൊരുപാകിസ്ഥാനിയായിരുന്നു വിശന്നുവലഞ്ഞ എന്നോട്എന്തോ ഉർദുവിൽചോദിച്ചുകൊണ്ട്അടുത്തുവന്നഅദ്ദേഹം ഭക്ഷണംകഴിക്കുന്ന ആംഗ്യം കാണിക്കുന്നത്കണ്ടാണ് ഞാൻകൂടെ വണ്ടിയിൽകയറിയത്, അടുത്ത്കണ്ട ഹോട്ടലിൽനിന്ന് ചുട്ടകോഴിയും ബിരിയാണിറൈസും വാങ്ങിത്തന്നു എനിക്ക്അന്തിയുറങ്ങാൽ മറ്റൊരിടമില്ലെന്ന് ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞത് മനസ്സിലാക്കിയ അയാളാണ് എന്നെ ഇവിടെ കൊണ്ട് വന്നുവിട്ടത് ഞാന്‍അപ്പോഴും കൂട്ടുകാരന്‍എന്നെഅന്വേഷിച്ചു എത്തുമെന്ന പ്രതീക്ഷയിലായിരുന്നു, ശത്രുപാളയത്തില്‍ അകപ്പെട്ട നിരായുധനായ പട്ടാളക്കാരനെപ്പോലെ ഞാന്‍ഭയപ്പെട്ടു ഒരന്തി തള്ളിനീക്കി, നേരംപുലര്‍ന്നപ്പോള്‍ ശരീരമാസകലം കുമിളകള്‍ പൊങ്ങിയിരിക്കുന്നു, നല്ല പനിയും, എഴുന്നേല്ക്കാന്‍വയ്യാത്തഅവസ്ഥഞാന്‍ ഒരു പാകിസ്ഥാനി യുടെ കൂടെയാണ് അന്തിയുറങ്ങിയതെന്ന അമ്പരപ്പ് ഭയം ഇരട്ടിപ്പിച്ചു, , പാകിസ്ഥാനി ഇന്ത്യക്കാരനെ കണ്ടാല്‍ കൊല്ലുമെന്നും തരം കിട്ടിയാല്‍ പാകിസ്ഥാനിയെ കണ്ടാല്‍ തട്ടണമെന്നുമാണ് ഞാന്‍ കുട്ടിക്കാലം മുതല്‍ പഠിച്ച പാഠം,   ഇവിടെ കൊടിയ ശത്രു എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ട  ഒരുപാകിസ്ഥാനി എന്നെ രോഗാവസ്ഥയില്‍ അഭയം നല്കി, ഭക്ഷണം തന്നു, വസ്ത്രം പോലും അലക്കിതന്നു  ശുശ്രൂഷിക്കുന്നു, എനിക്ക് തണലാവുമെന്നു ഞാന്‍ കരുതിയ കൂട്ടുകാരും നാട്ടുകാരും, രോഗം പകരുമെന്ന ഭയത്താല്‍ എന്നെ ഉപേക്ഷിച്ചു മുങ്ങുന്നു
കുഞ്ഞുന്നാള്‍ മുതല്‍ ഞാന്‍ കേട്ടു ശീലിച്ച പാഠങ്ങള്‍, വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെതുമായിരുന്നു, ഞാന്‍ വായിച്ച പുസ്തകങ്ങളില്‍, കേട്ട പ്രഭാഷണങ്ങളില്‍, കണ്ടസിനിമകളില്‍  എല്ലാം പാകിസ്ഥാനികള്‍ ശത്രുക്കളായിരുന്നു,
പക്ഷേ, എന്‍റെ സർവ തെറ്റിധാരണകളും തിരുത്തി ജീവിതത്തിന്‍റെ പുസ്തകം എന്നെ മനുഷ്യ സ്നേഹത്തിന്‍റെ അനുഭവപാഠങ്ങൾ പഠിപ്പിച്ചിരിക്കുന്നു
മധു വിങ്ങലടക്കാന്‍ പാടുപെടുന്നു ....

ഉള്ളില്‍ സ്നേഹത്തിന്‍റെകനലുകള്‍ എരിയുന്നുവെങ്കില്‍ മനുഷ്യന് മാലാഖ യാവാന്‍ കഴിയും , ശത്രുതയും വെറുപ്പും മാറ്റിവെച്ചു പരസ്പരം സ്നേഹിക്കുമ്പോളാണ് മനുഷ്യര്‍ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തനാവുന്നത്,

ഞങ്ങള്‍ ആത്മ പ്രഭാഷണങ്ങള്‍നടത്തുന്നതിനിടയില്‍
സർഫറാസ് ഭായി വീണ്ടും ആഗതനായി, കൈയ്യില്‍ വിഖ്യാതമായ ആ ഫ്രൈപാനുമായി, ഞാന്‍ എഴുന്നേറ്റു പ്ലാസ്റ്റിക് സുപ്രയുടെ റോള്‍ പരതിയെടുത്തു കാർപെറ്റിൽ വിരിച്ചു, രുചിയുടെ സുഗന്ധം പരത്തുന്ന മട്ടന്‍ കടായിയും കനലില്‍ ചുട്ടെടുത്ത ചൂടുള്ള തന്തൂരി റൊട്ടിയും സുപ്രയിലേക്ക് വെച്ചുഞങ്ങള്‍ മൂന്നുപേരും ചുറ്റുമിരുന്നു
അനുസരണയോടെ പൂച്ചക്കുട്ടികളും
അതിരുകളില്ലാത്ത അലിവിന്‍റെ വിഹായസിലേക്ക് തുറന്നുവിട്ട വെള്ളരിപ്രാവുകള്‍ ചിറകുകള്‍ വിടർത്തി അകലങ്ങളിലേക്ക് പറന്നകന്നു..... 
യെ ദിൽ, യെ പാഗൽ..ദിൽമേരാ ....

ക്യോ ഭുജഗയാ ......ആവാരഗീ .....

https://youtu.be/L4c4OoC2WOA

ഗുലാം അലിസാബിൻറെ മനോഹരമായ ഒരുഗീതം, വീണ്ടും മഴമേഘങ്ങൾ നിറഞ്ഞ ആകാശത്തിനു താഴെ കുളിൽക്കാറ്റ് വീശുന്നു.

വിശപ്പിനും പ്രണയത്തിനും അതിര്‍ വരമ്പുകളെവിടെ?

 

1)      മജ്‌ലിസ്= അറബികളുടെ സൌഹൃദ സദസ്സുകള്‍ ചേരുന്ന ചെറിയ കെട്ടിടം

ദല്ല = ചായയും കാപ്പിയും ഒഴിക്കാന്‍ അറബികള്‍ ഉപയോഗിക്കുന്ന ഒരുതരം കൂജ  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ